2013 ജൂലൈ 26, വെള്ളിയാഴ്‌ച

ഒറ്റപ്പെടുന്നവൻറെ സങ്കീർത്തനം (07:26 )



____________________________________ 

മിഴികൾ കോർത്തിതേ തീരത്തിരിപ്പൂ നാം 
പോയ കാലത്തിൻ നൂലിഴ കോർക്കുവാൻ.
അതിഗൂഢ മൌനത്തിൻ വാക്കുകൾ മൂടി നീ 
ശോകാർദ്രമിഴികളലാൽ ചൊല്ലുവതെന്തുവോ?


ജന്മ- ജന്മാന്തര ലോകത്തിനിപ്പുറം 
ഋതുഭേദമില്ലാതൊരേ മെയ്യോടെ നാം.
അതിജീവനത്തിൻറെ സുഖ ദുഖ പാതയിൽ 
കൈകൾ കോർത്തൊരേ സഹ ദുഖ യാത്രികർ.

ശരവേഗ മൂർച്ചയിൽ ഹൃദയം മുറിച്ചു നീ 
വിട ചൊല്ലി പോയൊരാ വേനൽസന്ധ്യയിൽ,
അഗാധ ചുംബന ബന്ധനത്തിലായൊരെൻ
പ്രാണാനുരാഗം പൂത്തേതോ വസന്തവും.

ഇന്നീ കൊടും ശൈത്യം പടരുന്ന ശയ്യയിൽ -
സ്വപ്ന സങ്കല്പം പോൽ വിരുന്നു വന്നതെന്തിനോ?
അഭയ തീരങ്ങൾ താണ്ടിയിനിയും നീ പോയിടാം
ഒരു രാവു പൂക്കും വെറും നിശാഗന്ധി പോൽ .


___________________________________(ഒറ്റപ്പെടുന്നവൻറെ സങ്കീർത്തനം (07:26 )

(Image courtesy to K.Gibran )

2013 മാർച്ച് 11, തിങ്കളാഴ്‌ച

Haiku Poems / ഹൈക്കു കവിതകള്‍


____________________________________________________________________

 ഒരു കിണ്ണം നിറയെ 
ചൊരപൂക്കളുമായി-
വേനല്‍ . 







~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

രാവിരുന്നില്‍-
 നിലാവും,
 നിന്‍ മൌനവും. 







~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

കണ്ണ് കെട്ടിയവളുടെ 
കനക ത്രാസ്സില്‍ 
ബാലവേശ്യകളുടെ തുലാഭാരം . 




~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

ഒരു കുഞ്ഞു കിനാവിന്‍ 
ബാല്യ കണ്ണാല്‍ 
ഉറ്റുനോക്കുന്നു ജീവിതം



~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

കടലോളം ആഴം-
മനസ്സെന്നു പേര്. 



~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

തളരുകില്ലൊരീ 
ചിറകുകളേതുമേ 
നീല വാനം വിളിക്കുകില്‍ . 



~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

ക്ഷണികമെങ്കിലും 
ഒറ്റ വാക്കിന്റെ ഏറിനാല്‍ 
നമ്മിലെ മൗനമുടയുന്നു. 




~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

മഞ്ഞുതുള്ളികളില്‍ 
ചെറു സൂര്യന്മാരുടെ ഊയലാട്ടം-
പ്രഭാതം. 




~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

മാറുന്ന ഋതുക്കളിലും 
മാറാത്ത മുറിവ്-
പെണ്ണ്‌. 




~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~


കരിയിലകളില്‍ മഴ താളം. 
സിരകളില്‍ പടരും,
മണ്ണിന്‍ മദഗന്ധം.







________________________________________________________________________

2013 മാർച്ച് 8, വെള്ളിയാഴ്‌ച

ഋതു ഭേദങ്ങളില്‍ നാം..






--------------------------------------------------
ഒരു രാത്രിമഴയില്‍ പെയ്ത
കവിതയില്‍ നാമുണ്ടായിരുന്നു..
നോവിന്‍റെ ഒരേ ഹൃദയം പങ്കിട്ട്
ചിതറുന്ന തുള്ളികളില്‍
മിഴികളൂന്നി,
നീളുന്ന മഴച്ചാലുകളില്‍
വിരലുകളോടിച്ച്,
ഒരേ വരികളില്‍
പരസ്പരം തേടി.,
വാക്കുകള്‍ക്കുള്ളില്‍
ആഴങ്ങളില്‍
ഒരായിരമര്‍ത്ഥങ്ങളായ് നുറുങ്ങി,
സ്വപ്‌നങ്ങള്‍ താണിറങ്ങുന്ന
യാമങ്ങളില്‍ മറ്റൊരു മിന്നലായി
കാറ്റായി,
ഇടിയായി,
അരിച്ചിറങ്ങുന്ന പ്രണയമായി .,
നിന്നെ ഞാനാക്കുന്ന
മറ്റൊരു മഴയായി ..
നമ്മിലൂറുന്ന കവിതയായ് ...

വര്‍ണ്ണങ്ങള്‍ പൂക്കള്‍
വിരിച്ച വസന്തത്തില്‍
നീയുണ്ടായിരുന്നു,
കത്തുന്ന നിറങ്ങളില്‍
പൂക്കള്‍ ചുവന്ന പാതകളില്‍
മെയ്‌ മാസം
നിറഞ്ഞു,
പനിനീര്‍ തുടുത്ത
പ്രണയ മഞ്ചം വിരിച്ച് ,
കാട്ടു കദംബങ്ങള്‍ പോലെ..;
പടര്‍ന്ന കൊമ്പുകളില്‍
പാടുന്ന കുയിലിന്‍ പാട്ടിലെ
പ്രകൃതിതന്നീണമായ് നീ ;
ഏതു കാറ്റത്തും വീഴാതെ
എന്നിലേയ്ക്ക് വള്ളിയായ്
പടര്‍ന്ന് ...

വെയില്‍ പൂക്കുന്ന വേനലില്‍
ഞാനുണ്ടായിരുന്നു,
മൊട്ടായ് പിറന്ന്
ഗുല്‍മോഹറില്‍ വിരിഞ്ഞ് ,
പൂവരശില്‍ ചിരിച്ച്
വെയില്‍ നാളങ്ങളില്‍ പൊള്ളി ,
വേനല്‍ മഴതുള്ളിയെ
ഹൃത്തിലുരുക്കി ചേര്‍ത്ത്,
കരിയിലച്ചീന്തുകളില്‍
കണ്ണീര്‍ തൂവി,
കാലത്തിന്‍റെ ഒടുങ്ങാത്ത ദാഹത്തില്‍
വേനലിന്റെ അനാദിയാം
വസന്തമായി
ഞാന്‍..

ശൈത്യം പുതച്ച
ഡിസംബറില്‍ നീയൊരു ഹിമപാതം..
സ്വപ്നക്കുളിരില്‍-
നാം ശിലപോലെ ;
മനവും
തനുവുമൊരേ കുളിരിലുറഞ്ഞ് .. ;
നമ്മിലെ സിരകളിലൊരു ഗംഗ-
തീരമില്ലാതെ,
ഓളമില്ലാതെ,
ഒഴുക്കില്ലാതെ,
സര്‍വ്വം സ്തംഭിച്ച
ഡിസംബര്‍..
കാലം നിശ്ചലം ,
നമ്മിലെ നമ്മള്‍ മാത്രം
ഒരേ കവിതയില്‍
ഒരേ വരിയില്‍
ഒഴുകുകയാണ് ഋതുവേഗങ്ങളില്‍ ..
ഇരവും, പകലും,
ചക്രവാളങ്ങളില്‍
ചാലിച്ച നമ്മുടെ
കുളിരലിഞ്ഞ സന്ധ്യ..

തിരയില്‍ മറഞ്ഞും
തീരത്തുണര്‍ന്നും
നമ്മിലൂടെ
ഋതുക്കളുടെ
ജൈത്രയാത്ര !
മഴയില്‍,
വേനലില്‍, വസന്തത്തില്‍,
ശൈത്യ കാലങ്ങളില്‍,
ഒന്നൊന്നിനെ
മറവിയാക്കുന്ന നാം,
നീയെന്നിലെ രാവുകള്‍,.
ഞാന്‍ നിന്നിലെ
പകലുകള്‍,
ഇഴപിരിയാതെ
നമ്മുടെ സംഗീതവും !
വസന്തം വേനലിനെ
പകുത്ത് ,
വര്ഷം ശൈത്യത്തെ
നനച്ച് ,
ഗ്രീഷ്മം ഹേമന്തത്തെ
പുണര്‍ന്ന്
മഴ താളങ്ങളില്‍,
കുളിര് പുതയ്ക്കുന്ന ഓര്‍മകളില്‍,
പ്രണയം
ഇറ്റി ചുവപ്പിച്ച ഫെബ്രുവരി സന്ധ്യകളില്‍..
വാക മരം പൊഴിക്കുന്ന പുഷ്പ വര്‍ഷങ്ങളില്‍,
ഏത് ..,
ഏതു ഋതുക്കളിലെക്കാണ് നാം നമ്മെ
പൊതിഞ്ഞെടുത്തത്?
പ്രപഞ്ചത്തിന്‍റെ
ഏതണുവിലാണ്
നമ്മുടെ പ്രണയം
തുടിക്കാത്തത് ?
ഘടികാരസൂചിയില്‍
കാലം കുതിക്കുമ്പോഴും
ഇന്നേതു ചിന്തതന്‍ താഴ്വരയില്‍
മഞ്ഞില്‍ മൂടി കിടപ്പു നാം ?

കോര്‍ത്ത കൈ വിരല്‍ തുമ്പുകള്‍ കാലം
അയക്കുമ്പോള്‍,
ഓര്‍മ്മകളില്ലാതെ നമുക്ക് മറയാം..
ജന്മാന്തരങ്ങളില്‍,
പൂവായും, പൂമ്പാറ്റയായും
മണ്ണായും ,വിണ്ണായും-
നാം ഋതുഭേദങ്ങളില്‍ നിറഞ്ഞവര്‍ !
ഇനിയീ രാവില്‍ ,
നിലാവില്‍
നിനവുകളില്ലാത്ത ലോകത്ത്
നാമുറങ്ങുമ്പോള്‍ ,
നമ്മുടെ കുഴിമാടത്തിനു മീതെ 

ആരാണ് അവസാന
പുഷ്പ ചക്രം വെക്കുന്നത്??

-------------------------------------------------------


*** (ജിലുവും, www.
angelasthoughtss.blogspot.com ഞാനും ചേര്‍ന്നെഴുതിയ രണ്ടാമത്തെ കവിത ... )
 

2013 ജനുവരി 9, ബുധനാഴ്‌ച

നന്ദിതാ.,





-------------------------------------------

നന്ദിതാ,
ഋതുക്കള്‍ നമ്മില്‍
വിഷാദ ഗീതം
കുറിക്കുംമ്പോള്‍
ഇവിടെ
നിരാസങ്ങളുടെ
വയലറ്റ് പൂക്കള്‍
പൊഴിയുന്നു.
മഞ്ഞു പെയ്യുന്ന
രാത്രികളില്‍,
നക്ഷത്രങ്ങള്‍
നമ്മുടെ ജാതകത്തിന്
റീത്തു വെച്ചിരിക്കുന്നു.
നന്ദിതാ.,
പ്രണയം മണ്ണിട്ടു പോയ-
വിലാപങ്ങള്‍ക്ക്,
തീ പിടിക്കുന്ന
സ്വപ്നങ്ങള്‍ക്ക്,
നിന്നെ പോല്‍
ഞാനുമിവിടെ
കാവലിരിക്കുന്നു..
------------------------------------------

2012 സെപ്റ്റംബർ 13, വ്യാഴാഴ്‌ച




(ഞാനും , ജിലുവും (  http://angelasthoughtss.blogspot.in/  
)
  തമ്മിലുള്ള ഒരു ചാറ്റില്‍ നിന്നും വിരിഞ്ഞ ഒരു കവിതക്കുഞ്ഞാണിത് .....ഞങ്ങള്‍ എഴുതിയത് )

~~~~~~~~~~~~~~~~~~~~~~~~~~
ഇന്നു വേനല്‍ 
പൂവരശിന്റെ ചുവപ്പില്‍ നീ..
വെയില്‍ക്കണ്ണുകള്‍ ചൂഴ്ന്നിറങ്ങുന്ന 
തളര്‍ന്ന ഇലകളുടെ മറവില്‍ തുടുത്ത്... !

നാളെ മഴ
തണുവിന്‍റെ നൂലിഴകളാല്‍ പടരുന്ന ഞാന്‍
സ്വപ്‌നങ്ങള്‍ പെയ്യ്തിറങ്ങുന്ന
സ്വര്‍ഗ്ഗങ്ങളില്‍ കണ്ണും നട്ട്
കുതിരാതെ നനയാതെ ... !

നാം
രണ്ടിനുമിടയിലെ
കൊടും ശൈത്യത്തിന്റെ
രണ്ട്‌ കരകളില്‍ ..
രാവുകള്‍
പകലുകള്‍
പൂക്കള്‍..
ശലഭങ്ങള്‍..
പക്ഷികള്‍..
കിനാവുകള്‍.
നാമെല്ലാറ്റിലും നമ്മെ പകുക്കുന്നു .. !

പ്രതീക്ഷയുടെ
പ്രഭാതകിരണങ്ങളിലും
മോഹങ്ങളുടെ
നറു നിലാമഴയിലും
നമ്മില്‍
സ്വപ്‌നങ്ങള്‍ നിലയ്ക്കാതൊഴുകും.. !
താരാട്ട് പോലെ
കാട് പൂക്കുമ്പോഴും
രാത്രി പാടുമ്പോഴും
പ്രണയം ഒരു കുഞ്ഞിനെ പോലെ
നമുക്കിടയില്‍ മയങ്ങും...
 

~~~~~~~~~~~~~~~~~~~~~~~~~~~~~





♥ 

2012 സെപ്റ്റംബർ 12, ബുധനാഴ്‌ച



~~~~~~~~~~~~~~~~~~~~~~~~~~~~~~~~


''എത്ര മൊത്തി കുടിച്ചാലും
വറ്റാത്ത ഈ സ്നേഹ കടല്‍.. എത്രയെണ്ണി തീര്‍ത്താലും,
നിറയുന്ന ഈ നക്ഷത്ര കാഴ്ചകള്‍... എത്ര ചുംബനങ്ങളിലും,
ഒടുങ്ങാത്തൊരീ പ്രണയ ജ്വാലകള്‍...!
എന്‍റെ പ്രാണന്‍..
എന്‍റെ പ്രണയം..
എന്‍റെ സ്വപ്‌നങ്ങള്‍...
ഓ..,
പ്രകൃതീ..
പരാശക്തീ...
ഋതു കാല വേഗങ്ങളില്‍-
മഞ്ഞായും,
മഴയായും,
വേനലായും,
കൊടും ശൈത്യമായും
നീയെന്റെ സിരകളില്‍ പടരുമ്പോഴും ;
നോവുകളുടെ കൊടും മുള്ളുകള്‍
ചങ്കില്‍ നാരായ വേരുകള്‍ ആഴ്ത്തിയിറങ്ങുംമ്പോഴും
ഓരോ ദിനങ്ങളും ഞാന്‍ നിന്നില്‍ ചിതറി കൊണ്ടേയിരിക്കുന്നു...;
തളര്‍ന്നു പെയ്തൊരു മഴ പോലെ.;
വേനലില്‍ ചുവന്ന പൂവരശു പോലെ..;
മഞ്ഞില്‍ പൂത്ത ശതാവരി പോലെ..;
കാലത്തെ.., യാമങ്ങളെ.., ഋതുക്കളെ.., നിമിഷങ്ങളെ ..;
ഒരു കുടന്നയില്‍ നെഞ്ചോടു ചേര്‍ത്ത് ,
മറ്റൊരു പ്രണയ കാലത്തിനു കാതോര്‍ത്തു,
വരുംകാല പ്രണയങ്ങള്‍ക്കായ് പകുത്ത്,
ഒരു ശിലയില്‍ ഉറങ്ങുന്ന ശില്‍പ്പം പോല്‍
ആരുമറിയാതെ.........
..........''

~~~~~~~~~~~~~~~~~~~~~~~~~~~




image courtesy to Irina Vitalievna Karkabi♥

~~~~~~~~~~~~~~~~~~~~~~~~~~~~
 

2012 ജനുവരി 29, ഞായറാഴ്‌ച






--------------------------------------------

സത്വ ശ്രേണിയില്‍
മുന്നില്‍ നില്‍ക്കേണ്ട
ഫ്യൂഡല്‍ ജന്മമല്ല
കവി..!

സമ്പന്നതയുടെ ദുര്‍മേദ ചിന്തയില്‍ സ്ഖലിക്കേണ്ട ഒന്നല്ല കവിതയും..

കവിത വിശപ്പാണ്,
നോവാണ്,
അടിച്ചമര്‍ത്തപ്പെട്ടവന്റെ അവസാന രോദനമാണ്‌..
പിന്നെ,
പ്രാണന്‍റെ ചിറകടിയില്‍ തീരുന്ന ഒരു മൌനവും!

ദൂരെ വരണ്ട കുന്നുകളില്‍ ഒരു മരണത്തില്‍ പൂവരശു പൂത്തു കൊഴിയുന്നുണ്ട്...
നിന്റെയും സവര്‍ണ്ണ ചിന്തകള്‍ക്കു മീതെ വിശപ്പിന്റെ മഞ്ചാടി ചുവപ്പ് പടരാന്‍ നേരമാകുന്നു...

സഞ്ചാരീ .....,
പോക...
വീണ്ടും തുടരുക....
നിന്റെയുമീ നരക യാത്ര..


-------------------------------------------------------

2011 ഡിസംബർ 4, ഞായറാഴ്‌ച

ഒരു രാഷ്ട്രീയ മരണ കുറിപ്പ്.




---------------------------------

നമ്മള്‍ ,
നശിക്കുന്നു.

അവര്‍ ,
വളരുന്നു.

ഫലമോ ,.. സുനിശ്ചിതം .!

നിന്‍റെ സ്വപ്നങ്ങളുടെ
ചിതാ-
ഭസ്മം .


ഓര്‍മകളുടെ
നിമജ്ജനം.

മാ ഫലേഷു :

----------------------------------

2011 ഡിസംബർ 1, വ്യാഴാഴ്‌ച







----------------------------------

''അണകളോരോന്നായ് പൊട്ടാറുണ്ട്.,
നോവ്‌
നിറയുമ്പോഴും,
കാലം
വിധിവേഷം കെട്ടി
തുള്ളുംപോഴും.

ജീവന്‍റെ തൂവല്‍ ചിറ
കാലം പൊളിക്കും നേരം ,
ശപിച്ചു കേഴാന്‍ മാത്രം
നീയാരാണ്‌??

പഠിപ്പിച്ചതേ പാടുക -
അടിമതന്‍ കര്‍മം;

'വാസാംസി ജീര്‍ണ്ണാനി' ''

----------------------------------------

2011 നവംബർ 24, വ്യാഴാഴ്‌ച

--------------------------




''കാലമാം മുറിവ്.,
ഉണങ്ങിടും നേരമെങ്കിലും-
ചൊല്‍ക നീ.,
വെറുക്കയില്ലീയിനി
നിന്നെ
ഞാന്‍....''


---------------------------


-----------------------------------‎



''എഴുതി തോറ്റ ഒരു കവിതയാണിന്നു നാം...
ഒറ്റപ്പെടലും, അന്യതാബോധവും-,
ഏകാന്തതയും ,
സമര്‍ത്ഥമായി കോര്‍ത്തെടുത്ത,
ഒരു
ആധുനികോത്തര-
പൊട്ട-
കവിത...''




-----------------------------------

2011 ഓഗസ്റ്റ് 10, ബുധനാഴ്‌ച

പ്രണയ പര്‍വ്വം.




-------------------------------

മീരാ..,
ഒരു വിശ്വാസ
വിഭ്രമത്തിന്‍ നോവ്‌-
നിന്‍ പ്രണയം..,
ഇരുണ്ട മോഹങ്ങളിലെ
പാതാള ചുഴികളില്‍
ഉലഞ്ഞു,
വീണ്ടുമെന്നെ നീ
മാടി വിളിക്കുന്നു.

ഒരേ നിഴലിലെ
അതേ ചലനം,
ഒരേ മൃതി..
രതിമോഹങ്ങളിലെ,
അതേ ഭഗ്നത.

മാറുന്ന മിഴികളിലെ
ആഴിതന്‍ നീലിമ, അഴുകുന്ന
മാംസ തെരുവുകള്‍,
വിശപ്പ്‌.. ആലിംഗനം..പ്രണയം..
ഒരേ അരക്കെട്ടുകളിലെ
അണയാത്ത കരുത്ത്.
കാലം,
നിന്‍റെ മരണ വേദന.

പെയ്തൊഴിഞ്ഞ നിമിഷങ്ങളിലെ
മരണ മൌനം.. നിന്‍റെ,
മിഴിനീര്‍ , ഉപ്പു കാറ്റു ..
ചുടല നിദ്ര,
സ്വപ്നം തളര്‍ന്ന
വേനലിന്‍ അന്ത്യ യാമം.

മീരാ.,
ഒരേ മുറിയിലെ വിയര്‍പ്പു മഴയില്‍,
പൂപ്പല്‍ മണക്കുന്ന ഓര്‍മയില്‍,
തളര്‍ന്ന ചിന്തുകളുടെ പുകകാഴ്ചയില്‍ ,
നേര്‍ത്തൊരു താരാട്ട്.
ഭ്രൂണ ഹത്യയുടെ ,
ചായം മോന്തിയ
സന്ധ്യാ നോവ്‌..

കാണാത്ത -
പ്രാണന്‍റെ,
നിലക്കാത്ത -
നിലവിളി.


* * * * *

ചിതല്‍ തിന്നോരീ,
പകലിന്‍ നിഖണ്ടു,കലണ്ടറിന്‍ -
ജന്മ ചക്രം.
നിന്‍റെ ഇഴയുന്ന ദിനങ്ങള്‍.,സ്വപ്ന ഭോഗങ്ങളിലെ
പിഴ, ഒരു ഡിസംബര്‍ മരണത്തിന്റെ
ശതാവരി ഗന്ധം...
ഇനിയീ വക്രചിന്തകളിലെ താളുകള്‍ കീറുക.

മീരാ..
വരിക.,
ഇനിയീ മൌനത്തിന്‍-
പൊയ്മുഖം മാറ്റുക ,
ഇന്ന് നാം ചത്ത സ്വപ്നങ്ങളുടെ തിരു മുറിവ്.,
അതേ മുറി,
അതേ സ്വപ്നം,
ഒരേ ഭൂമി.., നിന്‍റെ ആകാശം..
നിന്‍റെ വിഷാദ നയനങ്ങളിലെ എന്‍റെ സ്വപ്നങ്ങള്‍...
നിന്നിലെ ഞാന്‍, നമ്മുടെ-
പ്രണയം..,

നിന്നിലെ മരണം.

--------------------------------------