2009, ഒക്‌ടോബർ 31, ശനിയാഴ്‌ച

ഞാന്‍ ചിന്തിക്കാറുണ്ട് ..



---------------------------
ഞാന്‍ ചിന്തിക്കാറുണ്ട്,
ശരരാന്തലിന്‍ തിരിവെട്ടം
ഇരുളിനെ
വിഴുങ്ങാത്തിരുന്നെങ്കില്‍ .,
ഡയറി കുറിപ്പിലെ മാറാപ്പില്‍
സ്വപ്‌നങ്ങള്‍
ഭാരം ചുമക്കാതിരുന്നെങ്കില്‍.

വസന്ത രാവുകളിലെ
നിലാവിന്
കണ്ണീര്‍ പൊഴിയാതിരുന്നെങ്കില്‍ .

ഞാന്‍ ചിന്തിക്കാറുണ്ട്;
കണ്ണീര്‍ തുള്ളിയില്‍
ചിതറി നീയെന്നിലെ,
മൌനത്തെ ആവോളം
ചുംബിച്ചു അണച്ചെങ്കില്‍..

നിന്നിലെ യൌവനം
ഞാറ്റുവേലയായ്,
നിലക്കാതെ,മുറിയാതെ
പെയ്തു തോരാതിരുന്നെങ്കില്‍.


പ്രണയം കാമത്തിനു
തഴപ്പായ്‌ വിരിക്കുമ്പോള്‍ .,
ചിന്തകളുടെ ചുടലഭസ്മം
സ്ഫടിക പാത്രം നിറക്കുമ്പോള്‍;
ചഷക ലഹരിയില്‍
സ്വപ്‌നങ്ങള്‍ നീര്‍ കുമിളയായ്
നുരയുമ്പോള്‍;
ഞാന്‍ ചിന്തിക്കാറുണ്ട്;
ആരും ഓര്‍ക്കാതിരുന്നെങ്കില്‍ ..
ആരും തേടാതിരുന്നെങ്കില്‍..

ഞാന്‍ ചിന്തിച്ചിട്ടുണ്ട്..,
അമ്പല മണിയുടെ
ഗദ്ഗദം
ദൈവങ്ങള്‍ പങ്കിട്ടെടുതെങ്കില്‍;
അത് കണ്ടു
ക്രിസ്തുവും , ബുദ്ധനും
ചിരിക്കാതിരുന്നെങ്കില്‍..

ഞാന്‍ ചിന്തിക്കുന്നുണ്ട് ;
എന്തിനു.. ഇനിയും..
വെറുതെ..,
ഒന്നും ചിന്തിക്കാതിരുന്നെങ്കില്‍,
കുത്തി കുറിക്കാതിരുന്നെങ്കില്‍..





------------------------------











.

2009, ഒക്‌ടോബർ 8, വ്യാഴാഴ്‌ച

പ്രിയേ, വെറും പ്രണയമാണിത് ..




-----------------------


വികാര തീരങ്ങള്‍ക്ക് ഇക്കരെ
പകല്‍ കിനാക്കളുടെ
ചിതയൊരുന്ഗുന്നു.
ഭഗ്ന മോഹങ്ങളുടെ
കണ്ണാടി ചീളുകളില്‍
ഒരു മിന്നാ മിനുങ്ങിന്റെ
ഹരിതകാന്തി മുനിയുന്നു.

നിദ്രകള്‍ക്കു മേല്‍
കാര്‍ വര്‍ണ്ണം പെയ്തു തീര്‍ത്ത
തുലാവര്‍ഷ രാവുകള്‍ .,
സ്വപ്നം ക്ഷയിച്ച രാത്രി.

നിന്‍റെ പതിഞ്ഞ
നിശ്വാസത്തിന്റെ ഉഷ്ണമേറ്റ്
ആഴിയും ,ആകാശവും
ഇനിയും ഉണരരുത് .
ഓര്‍ക്കുക പ്രിയേ ,
വെറും പ്രണയമാണിത്.

വിദൂര ജനല്‍ കാഴ്ചകളുടെ
വേദനയില്‍ ആണ്ടു പോയ
നിഴല്‍ പാടുകള്‍.
വികാരങ്ങള്‍ ഇനിയും
നങ്കൂരമിടുമ്പോള്‍
സ്വപ്നങ്ങളുടെ പായ് മരം
ഇനിയെന്തിനു ?

മൃഗതൃഷ്ണ വമിക്കുന്ന
കാമാഗ്നിയില്‍,
ചഷക ലഹരിയില്‍ ,
പ്രണയ വാല്‍സല്യത്തിന്‍
മുല പാല്‍ ചുരക്കുന്നോള്‍ .
ഉടഞ്ഞ കുപ്പി വളപ്പൊട്ടുകള്‍ക്ക് മേല്‍
ഒരു ശതാവരി ഇലയുടെ
അസ്ഥികൂടം .

ഒരു പനിനീര്‍ പൂവില്‍
വാസന്ത രേണുക്കള്‍
കരിഞ്ഞു വീഴുമ്പോള്‍,
നീ നിന്‍റെ മേല്‍ വിലാസം
തിരയുന്നതെന്തിനു ?

അരുത് പ്രിയേ ,
ഇനിയും ഒരിറ്റു മിഴി നീര്‍ ,
വെറും പ്രണയമാണിത്.



-------------------------------------------

2009, ഒക്‌ടോബർ 3, ശനിയാഴ്‌ച

രോഗം


---------------------------


ഞാന്‍ ഒരു രോഗി.
മനസ്സിന്‍റെ ആഴങ്ങളില്‍
വേരൂന്നിയ ആദര്‍ശങ്ങളെ
വ്യഭിചാര ശാലകളില്‍
ലേലം ചെയ്യാതെ മുറുകെ പിടിച്ചവന്‍..
സ്വപ്‌നങ്ങള്‍ ചുമച്ചു തുപ്പിയ
നാറുന്ന കഫക്കട്ടയെ
കടിച്ചു വലിക്കുന്ന ഉറുമ്പുകളായി
സഹയാത്രികര്‍.
കുഷ്ഠം അറുത്തു തിന്നു
വിധിക്കായ്‌ ഉചിഷ്ട്ടമാക്കിയ വിരലുകള്‍.
പൊയ് മുഖമാക്കി
പാതി വെന്ത ഹൃദയവും .
കാലം സമ്മാനിച്ച
മുള്‍ കിരീടത്തിന്‍ മുനകളില്‍
നിന്ന് ഒറ്റിവീഴുന്ന
ചല രക്തങ്ങള്‍
രേതസ്സുകളായി വീണ്ടും
ജീവിതത്തിന്‍റെ അഴുകിയ
ഗര്‍ഭ പാത്രത്തിലേക്ക്.
എല്ലാം ഭൂത കാലം അടിച്ചേല്‍പ്പിച്ച
കരിഞ്ഞ പച്ച മാംസത്തിന്റെ
ഗന്ധത്താല്‍ മനം പുരട്ടുന്ന ഓര്‍മ്മകള്‍.
ആത്മ പീഡന സംതൃപ്തിയില്‍
രതിമൂര്‍ച്ച മറന്ന നാളുകള്‍
കാലത്തിന്റെ കനല്‍ ക്കാറ്റെട്ടു
തഴമ്പിച്ച മനസ്സുമിപ്പോള്‍
ദ്രവിക്കാന്‍ തുടങ്ങിയിരിക്കുന്നു .
ഇനി തുടരാന്‍ വയ്യ !
ആരോ പറഞ്ഞറിഞ്ഞു ,
ഈ രോഗത്തിനോരെ
മരുന്നേയുള്ളുവെന്നു ,
എല്ലാം തുടര്‍ന്ന ജീവനൊരു മോചനം..
അകലെ,
കിഴുക്കാം തൂക്കായ
ചക്രവാളങ്ങളില്‍ ,
ഋതുക്കള്‍ തീര്‍ത്ത അലകളില്‍
സ്വതന്ത്രമായി മേയാന്‍ വിടാം..
ആത്മാവിന്‍റെ അകലുന്ന
ചിറകടിയൊച്ചകള്‍
എന്‍റെ വിധിയോടുള്ള
എന്‍റെ യാത്രാ മൊഴിയാകട്ടെ.


--------------------------------