2009, ജൂൺ 13, ശനിയാഴ്‌ച

കാവ്യ വിചാരണ


ഭഗ്ന ചിന്തതന്‍
മൂക വീഥിയില്‍
ഉണരാതുറങ്ങുന്ന
കാവ്യ ബിംബങ്ങളെ.,
പുലരാന്‍ ഒരുങ്ങുക.!
നിശയുടെ ,
ഉഷ്ണ രേണുവായ്..
ഇനിയും
ഇറ്റിറ്റു വീഴുക..
നേരിന്‍റെ ബീജമായ് ..
ആദ്യാന്ത ഗര്‍ഭത്തിന്‍
ചുടലാഗ്നിയില്‍ ....---------------------

ചില വേനല്‍ കിനാവുകള്‍


പ്രിയേ,
മൃതിയുടെ നിറവുമായ്‌
കര്‍ണ്ണികാരങ്ങള്‍ പൂത്തു.
ഓര്‍മ്മതന്‍ നരിപ്പോടില്‍
പ്രണയാഗ്നി.
നീയും എന്‍റെ നിത്യകാമമോഹങ്ങളും
തമ്മില്‍ ദൂരമെന്തു ?
ഏതോ പ്രാണന്‍റെ പിടച്ചിലില്‍
ചിറകറ്റ കിളിയുടെ
രതി സ്വപ്‌നങ്ങള്‍..
കോണ്‍ക്രീറ്റ് കാടുകള്‍ക്കിവിടെ
വേനല്‍ തീ പടരുന്നു.
കാറ്റിന്‍റെ ജല്പ്പനങ്ങളില്‍
മരണ മണി മുഴക്കം.
അമ്പല ഗോപുരങ്ങള്‍
പൊങ്ങുന്നു വാനോളം ..
മദ്യശാലയിലെ
ചുവന്ന ഇടനാഴികളില്‍
നിന്നാല്‍ ഒന്നറിയാം ,
ഇന്നാണ് നമ്മുടെ
ചരമ ദിനം ..!-----------------------

മൗനം


ആകാശ നീലിമയുടെ
ആഴങ്ങളില്‍ നിന്നും
കുന്നുകളും താഴ്വരകളും
തീരങ്ങളും താണ്ടി
ഇല വിരിച്ച ചെറു നിഴലുകളെ
വകഞ്ഞു മാറ്റി
ഒരു മൂടല്‍ മഞ്ഞായി വന്ന്
ആത്മാവില്‍ ഉന്മാദ മൂര്‍ച്ച
സമ്മാനിച്ചു മൗനം !,


കാത്തിരിപ്പിനൊരു
വിരാമാമിട്ട ചിറകടിയൊച്ചകള്‍
അകന്നപ്പോള്‍ ,
ഏകാകിയുടെ
ഓരോ ജീവബിന്ദുവിലും
ഗൃഹാതുരത്തതിന്റെ
സൌരഭ്യം നിറച്ച ,
പ്രത്യാശയുടെ പൊന്‍ തൂവല്‍ പൊഴിച്ച്
അകന്നു പോയീ മൗനം ..
---------------------------

കാത്തിരിപ്പ്‌


രാത്രി..
തണുത്തുറഞ്ഞ
അന്ത്യനിശ്വാസത്തിന്‍
വേതാളരാഗമായ് വരിക ..

ഉണങ്ങിയുറഞ്ഞൊരു
ഓര്‍മ്മകള്‍ക്കീ
കൂദാശയുടെ അന്ത്യ വരികളായി
വരിക.

ജീവിച്ചാശ വറ്റാത്ത
വ്രണിത ജീവിതത്തിലെ
ശൈത്യ കൂടാരത്തില്‍
ഒരു അന്തികൂട്ടിനായ്
വരിക..

നിന്‍ അന്തകാര ഗര്‍ഭത്തില്‍
ഒരു കുഞ്ഞു ഭ്രൂണമായ്
ജന്മം
തരിക

----------------------------

നിസ്സംഗത--------------------------------
വിയര്‍പ്പിനും കണ്ണീരിനും
ഒരേ സ്വാദു
സുഖത്തിനും ദുഖത്തിനും
ഒരേ അനുഭൂതി
വേര്‍പാടിനും സാമീപ്യത്തിനും
ഒരേ വികാരം
ജനിക്കും മൃതിക്കും
ഒരേ വേദന
രതിക്കും ആത്മീയതയ്ക്കും
ഒരേ ഭാഷ്യം
കയ്പ്പിനും മധുരത്തിനും
ഒരേ രുചി
പൂവിനും മുള്ളിനും
ഒരേ ദുഃഖം
പിശാചിനും ദൈവത്തിനും
ഒരേ നിയമം
ചൊറിയുംപോഴും മുറിയുംപോഴും
ഒരേ സുഖം
മൌനത്തിനും വാചാലതക്കും
ഒരേ അര്‍ഥം .....
...(Gita-6:7)= മനോജയം സിദ്ധിച്ചവനും, പ്രശാന്തമായിരിക്കുന്നവനും,
ആത്മാവ് ശീതൊഷ്ണങ്ങളിലും
സുഖ ദുഖങ്ങളിലും ,
അത് പോലെ മാനാപമാനങ്ങളിലും
സമ ഭാവനയോട് കൂടിയിരിക്കുന്നു.)-----------------------------

കാലം
ഇരുളിന്‍റെ
അനന്ത ഗര്‍ഭത്തില്‍
ആദ്യാന്തകാരത്തില്‍
ജനിയുടെ ചിറകറ്റ
ശലഭങ്ങള്‍
മൃതിയുടെ എരിതീയിലോളിച്ചു .
നിനവിന്‍റെ മൃദു ദലങ്ങള്‍
അന്ധകാരത്തിന്‍
തിമിര പാദങ്ങളിലമര്‍ന്നു ..

പിന്നീട്..,

കാലഭേദങ്ങളുടെ
അനന്ത ദുഖ സ്മൃതിയില്‍
ദേശാടനത്തിനൊരുങ്ങും
ബലി കാക്കകള്‍
പുലര്‍കാല രാത്രിയില്‍
ആരെയോ തേടി കരഞ്ഞു ...

വീണ്ടും,
നിഴല്‍ കുത്തു വീണ ജീവിതത്തില്‍
തേങ്ങലുകള്‍ മാറ്റൊലി കൊള്ളുമ്പോള്‍ ,
നീയറിയുക-
അതൊരു നിലക്കാത്ത
ഓളമാകുമെന്ന്.....
---------------------------

നഷ്‌ട സ്വപ്‌നങ്ങള്‍


എന്‍ ജീവിത ചില്ലയില്‍ തളിര്‍ ഒന്നുമില്ല
പൂക്കുവാന്‍ മേനിയില്‍ മോഹമില്ല
തിളക്കുവാന്‍ സിരകളില്‍ രക്തമില്ല
ഓര്‍ക്കുവാന്‍ ഇനി നഷ്ട ദു:സ്വപ്നമില്ല
അലയുവാന്‍ മാനസ തീരമില്ല
കാണുവാന്‍ എന്‍ തീഷ്ണ ദൃഷ്ടിയില്ല
കേള്‍ക്കുവാന്‍ നിസ്വാര്‍ത്ഥ ഗീതമില്ല
പെയ്തൊഴിയാന്‍ കണ്ണുനീര്‍ തുള്ളിയില്ല
സ്നേഹിപ്പാന്‍ എന്‍ പ്രിയ തോഴിയില്ല
നിറമേഴും തീര്‍ക്കാന്‍ നിറമൊന്നുമില്ല
പഴിക്കുവാന്‍ ഇനി ആത്മനിന്ദയില്ല
പിടിക്കുവാന്‍ വൈക്കോല്‍ തുരുമ്പുമില്ല
പൊരുള്‍ തേടി പോകാനൊരു സത്യമില്ല
ത്യജിക്കുവാന്‍ എന്‍ സ്വന്ത ജീവനില്ല
കൂട്ടികുറിക്കുവാനിനി കണക്കുമില്ല
എഴുതുവാന്‍ ചിന്തതന്‍ മഷിയുമില്ല
ഇതാണെന്റെ ലോകം,
ഇതാണെന്റെ നഷ്ടം
എല്ലാം വെറുമൊരു ദു:ഖ സത്യം
നിസ്സ്വനാം പഥികന്റെ വിഴുപ്പു ഭാരം ..

യാത്ര


ഇത്
സ്മരണകളുടെ ബലി തര്‍പ്പണം .!
പ്രണയവും, കാമവും,
മോഹവും
പഴകിയ വേഷങ്ങള്‍ ഉപേക്ഷിക്കുന്നു ..
നിത്യ നിദ്രയുടെ
കുഴി മാടത്തിലേക്ക് വീഴുന്ന
വാക മര പൂക്കളെ പോലെ
കാലവും വീണടിയുന്നു ..
ബന്ധങ്ങളുടെ വ്യാപാരങ്ങളില്‍
ഹോമിക്കേണ്ടി വന്ന
പ്രണയത്തിനു
ഒറ്റപ്പെടലിന്‍റെ രോദനം ..
ഭൂതകാലത്തിന്‍റെ കാണാക്കയങ്ങള്‍ക്ക് മീതെ
വട്ടമിട്ടു പറക്കുന്ന
ബലി കാക്കകള്‍ക്ക്
കാര്‍ വര്‍ണ്ണം ...
തിരയൊടുങ്ങാത്ത ഈ തീരത്തിനു
ഏകാകിയുടെ
യാത്രാ മൊഴി....!

വെയിൽ നനഞ്ഞ മഴകളിൽ


_________________________________


വെയിൽ നനഞ്ഞ
മഴകളിൽ
 പ്രണയം കുട
നിവർത്തുന്നവളെ ,

അരുത്,
മഴത്തുള്ളികളുടെ
ഈറന്‍ കാഴ്ചകളില്‍
നീയെന്നെ മോഹിക്കരുത്.

മഴമേഘഗര്‍ജനങ്ങൾ
ഉതിരും ഇടവരാവുകളില്‍
ശരറാന്തല്‍ അണക്കാതെ
നീയെന്നെ ചുംബിക്കരുത്‌.


ഇടി മുഴക്കങ്ങളിൽ
ചുണ്ടുകൾ  കോർക്കുന്നവളെ
മണ്ണിൻ ഉന്മാദ ഗന്ധത്തിൽ
പ്രണയ മന്ത്രമോതുന്നവളെ ,
നീ വിട പറയുമ്പോൾ ,
നെഞ്ചിലൂടോഴുകുന്നുണ്ട്‌
വെയിൽ നനഞ്ഞൊരു
മഴ
______________________________

മനസ്സ്


ഉലയില്‍
കനല്‍ തീര്‍ത്ത ജ്വാലയില്‍
ഉരുകുന്ന ലോഹമോ മനസ്സ്..

തിരയില്‍ ,

അലയാഴിതന്‍ മടിയില്‍
അനന്ത നീലിമതന്‍ ഇരുളോ മനസ്സ്..

ചരിവില്‍,

മുനകൂര്‍ത്ത പാറതന്‍ മേനിയില്‍
വീണടിയും മോഹ ഭംഗങ്ങള്‍ ..
അകലുന്ന ബന്ധങ്ങള്‍
കൂരിരുള്‍കാറ്റിന്‍ മന്ത്രങ്ങള്‍
ഋതു കാല സ്വപ്‌നങ്ങള്‍..

ഒടുവില്‍
ചിന്തകള്‍ കോറിയ ക്യാന്‍വാസ്സില്‍
വര്‍ണ്ണങ്ങളായ്
വരകളായ്
അമൂര്‍ത്തമായ് വളരുന്നു മനസ്സ്.

--------------------------------------

2009, ജൂൺ 12, വെള്ളിയാഴ്‌ച

കലാലയം:
അവനു കലാലയം എന്നും
ഒരു ഇരുളായിരുന്നു.

വിരഹ വിഷാദന്ഗളുടെ
നിശ്വാസങ്ങള്‍ ഉതിരും അന്ത്യ യാമങ്ങളില്‍
ഭഗ്ന സ്വപ്‌നങ്ങള്‍ വലയം ചെയ്ത,
ഒരു കരി നിഴല്‍ ..

അവള്‍ക്കു;
കൂട്ടുകാര്‍ പറയാറുണ്ടായിരുന്നത്രേ ,
ഇരുളും വെളിച്ചവും ചേര്‍ന്നാല്‍
ഉദാത്ത സൃഷ്ടികള്‍ പിറക്കുമെന്ന്..!
ചിത്രകലയാവാം !!

നിനക്ക്:
ഇനി നീ പറയുക -
ഇരുളാണോ, വെളിച്ചമാണോ
ആദ്യമുണ്ടായതെന്നു.
അരുത് കൂട്ടുകാരാ ,
നിന്നുത്തരം വെളിച്ചമെന്ന് എനിക്കറിയാം..
കാരണം,
വെളിച്ചം തീര്‍ത്ത
ഒരു കരി നിഴല്‍ മാത്രമല്ലോ
നീയും..
------------------------------------

വസന്ത ജ്വാലകള്‍


ഹരിത കമ്പളം ശവക്കച്ച പുതക്കുന്നൊരീ
മേയ് മാസ ലഹരി.
പ്രിയേ,
പൂക്കാതെ പോയതും ,
പൂക്കാനിരുന്നതും ..,
പൂവിടും മുന്‍പേ കൊഴിഞ്ഞു മാഞ്ഞതും..,
സ്വപ്‌നങ്ങള്‍..ബിംബങ്ങള്‍..
വാസന്ത വേഗങ്ങള്‍..


ഇന്നലെ:
നിന്റെ ഹൃദയ രക്തം തുടിപ്പുകള്‍ അറിഞ്ഞത്
എന്റെ പ്രാണന്റെ നീലിച്ച മൂകതയിലായിരുന്നു.
കനവിന്റെ പച്ചപ്പുകള്‍ക്കുമപ്പുറം
നിനവിന്റെ മരുഭൂമിയാണെന്ന് നിന്നോട് പറഞ്ഞതാരാണ് ?


ഇന്ന്:
രതിയും ,പ്രണയവുംവാക്കിന്റെ വ്യാപാരങ്ങളില്‍
വില പറയുമ്പോള്‍ ,
ഒരു വാക്കിന്റെ വ്യഗ്രതയില്‍
മരണം കണ്‍ തുറക്കുമ്പോള്‍
'പ്രണയ വസന്തത്തിന്റെ വിണ്‍ പട്ടുചേല
ഉലഞ്ഞു വീണടിയുമ്പോള്‍ ..,
നീ കാണുക .
പതിയെ വീണുടഞ്ഞു പോയ
സ്ഫടിക സ്വപ്നങ്ങളിലെ മഴവില്‍ പുഞ്ചിരി ..
ഇനിയൊരു നാള്‍ :
ഓര്‍ക്കുക പ്രിയേ ,
നിലാവിന്റെ തീരാ തീരങ്ങളില്‍
ഋതു കാലവേഗങ്ങള്‍ കൂടണയുമ്പോള്‍
ഊതി അണക്കരുത് ,
മുറിവേറ്റ ജ്വാലകളുടെ
ബീജ സങ്കല്‍പ്പങ്ങളെ.....


---------------------------------------------