2013, നവംബർ 24, ഞായറാഴ്‌ച

സമ്മാനം
_______________________

നിരാസങ്ങളുടെ
രാജകുമാരീ; 
നോക്ക്, ഈ വിഷാദ രാവിലും വരുന്നുണ്ട് ഒരു കയ്യിൽ ശിരസ്സറ്റ പ്രണയവും, മറുകൈയ്യിൽ ഉമ്മകൾ നിറച്ച ചോരകിണ്ണവുമായി- നിന്റെ തെരുവു ഗായകൻ._________________________

2013, ഒക്‌ടോബർ 20, ഞായറാഴ്‌ച

ആണ്‍ പന്നിക്കും പറയുവാനുണ്ട് ***


__________________________ 


എത്ര കാതുകൾ പൊത്തി പിടിച്ചാലും
 പറയുവാനുണ്ടെനിക്കും പെണ്ണേ,
ഈ തീരാ യാത്രകളിൽ   പരസ്പ്പരം,
നാം ഇണപന്നികൾ മാത്രമെന്ന് 

നിനക്കറിയാമോ; 
പിറവി മരണത്തിൽ 
സൂചി മുന കോർത്ത  
നാമോരേ പ്രാണൻ .
നിറെ മാറിലെ നനവിലെന്ന പോൽ 
എന്റെ നെഞ്ചിലെ കാറ്റ് മരങ്ങളിൽ 
കടമ്പ് പൂത്ത ഒരേ വസന്തം,
ഒരേ നീരിൻ കാട്ടുചോല 
ഒരേ ശിലയിടുക്കിലെ  കാണാ കന്മദങ്ങൾ ,
 ത്രിസന്ധ്യയിൽ നിന്റെ 
സിരകളിൽ ചുവപ്പ്  മേഘമായൊഴുകും 
നേരം ,ഞാൻ നിന്റെ സുര ഗംഗ .
ഒരു ഭോഗ മൂർച്ഛയിലെ 
നിമിഷ വേഗത്തിൽ 
തമ്മിൽ മയക്കം മിഴികളിൽ 
ഊയലാടും നേരം  നാം
വെറും രണ്ടു കുഞ്ഞുങ്ങൾ  .


നിനക്കറിയാമോ;
ഒറ്റ പൂണ്ടടക്കത്തിൽ'
ഒരു തീവ്ര ചുംബനത്തിൽ 
നീ മത്രമല്ല പൂക്കുന്നതെന്ന്?
നെഞ്ച് പോള്ളുന്നേതു  മീന ചൂടിലും 
 ഒറ്റ നോവിന്റെ തലോടലിൽ 
ഒരു കര്കിടക രാവു മുഴുവൻ 
നാം നനയുന്നുവെന്നു?
നിന്റെയുള്ളം മിടിക്കുന്ന 
താളത്തിൽ ഹൃത്തിലൊരു 
കുഞ്ഞു താരാട്ട് 
കേൾക്കുന്നുവെന്നു ?

നിനക്കറിയാമോ;
നഗരം നമ്മെ ഒരു 
ഒരു സിറിഞ്ചിൽ 
ലഹരിയുടെ മഞ്ഞ വെളിച്ചം പൊതിഞ്ഞ ആ  നേരം?
നീയാണും , ഞാൻ പെണ്ണും -
നീ ആകാശവും ഞാൻ ഭൂമിയും -
നീ ഉയര്ച്ചയും ഞാൻ താഴ്ചയും -
നീ കുന്നും  ഞാൻ ഗർത്തവും  ചമഞ്ഞ് 
പുതു  ലിംഗ ഭേദത്തിന്റെ 
സമവാക്യങ്ങൾ കുറിച്ചുവെന്നു?


നിനക്കറിയാമോ;
മാറി വരുന്ന നമ്മിലെ ഇണകളുടെ 
ഒരേ നിഴലിലെ / അതെ ചലനങ്ങളെ
ഒരേ താളങ്ങൾ കൊരുക്കും 
ഒരേ വാക്കുകളെ ,
ചുടു നിശ്വാസങ്ങളെ ;
നിനക്കറിയാമോ;
പെണ്ണിനെന്നല്ല -
ആണിനും പ്രണയമെന്നത് 
ഒറ്റ ഭോഗത്തിന്റെ 
ആദ്യ നിവേദ്യമെന്നു?
അരകെട്ടിലെ അണയാത്ത കരുത്തിൽ 
നാമോരെ ശയനത്തിൻ 
 നട്ട് ബോൾട്ട്  ബന്ധനമെന്ന് ?

നിനക്കറിയാമോ;
ശവ ശൈത്യം പുതച്ചു 
മരണം കാലുകളിൽ 
ടാഗ്  ചെയ്യപെടുന്നവന്റെ 
മൊർചറിയിലെ മൗന  മന്ദഹാസം?


നിനക്കറിയാമോ ചത്ത്‌ പോയൊരു 
ഇണപന്നി കുഴിമാടം തുറന്നു വന്നു 
കിനാവിലൊരു രതി ഗീതം മീട്ടുമ്പോൾ 
കണ്ണുകൾ  തിരുമ്മി 
നീയിതുപോൽ 
ഇനിയും നേരിലേക്ക് ഉണരുമെന്നു ?

നിനക്കറിയാമോ.
.........?

___________________________________ 


***(പത്തു വര്ഷം മുൻപേ കെ പി രാമനുണ്ണിയുടെ എം സി പി (മെയിൽ  ഷോവനിസ്റ്റ് പിഗ് ആണ്‍  പന്നി) യുടെ കഥ വായിച്ചിരുന്നു...  ഇപ്പോൾ ഓര്മ്മയിലും ജീവിതത്തിലും എന്നിലെ ആണ്പന്നിയെ ഞാനും ചികയുന്നു... )

2013, ജൂലൈ 26, വെള്ളിയാഴ്‌ച

ഒറ്റപ്പെടുന്നവൻറെ സങ്കീർത്തനം (07:26 )____________________________________ 

മിഴികൾ കോർത്തിതേ തീരത്തിരിപ്പൂ നാം 
പോയ കാലത്തിൻ നൂലിഴ കോർക്കുവാൻ.
അതിഗൂഢ മൌനത്തിൻ വാക്കുകൾ മൂടി നീ 
ശോകാർദ്രമിഴികളലാൽ ചൊല്ലുവതെന്തുവോ?


ജന്മ- ജന്മാന്തര ലോകത്തിനിപ്പുറം 
ഋതുഭേദമില്ലാതൊരേ മെയ്യോടെ നാം.
അതിജീവനത്തിൻറെ സുഖ ദുഖ പാതയിൽ 
കൈകൾ കോർത്തൊരേ സഹ ദുഖ യാത്രികർ.

ശരവേഗ മൂർച്ചയിൽ ഹൃദയം മുറിച്ചു നീ 
വിട ചൊല്ലി പോയൊരാ വേനൽസന്ധ്യയിൽ,
അഗാധ ചുംബന ബന്ധനത്തിലായൊരെൻ
പ്രാണാനുരാഗം പൂത്തേതോ വസന്തവും.

ഇന്നീ കൊടും ശൈത്യം പടരുന്ന ശയ്യയിൽ -
സ്വപ്ന സങ്കല്പം പോൽ വിരുന്നു വന്നതെന്തിനോ?
അഭയ തീരങ്ങൾ താണ്ടിയിനിയും നീ പോയിടാം
ഒരു രാവു പൂക്കും വെറും നിശാഗന്ധി പോൽ .


___________________________________(ഒറ്റപ്പെടുന്നവൻറെ സങ്കീർത്തനം (07:26 )

(Image courtesy to K.Gibran )

2013, മാർച്ച് 11, തിങ്കളാഴ്‌ച

Haiku Poems / ഹൈക്കു കവിതകള്‍


____________________________________________________________________

 ഒരു കിണ്ണം നിറയെ 
ചൊരപൂക്കളുമായി-
വേനല്‍ . ~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

രാവിരുന്നില്‍-
 നിലാവും,
 നിന്‍ മൌനവും. ~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

കണ്ണ് കെട്ടിയവളുടെ 
കനക ത്രാസ്സില്‍ 
ബാലവേശ്യകളുടെ തുലാഭാരം . 
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

ഒരു കുഞ്ഞു കിനാവിന്‍ 
ബാല്യ കണ്ണാല്‍ 
ഉറ്റുനോക്കുന്നു ജീവിതം~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

കടലോളം ആഴം-
മനസ്സെന്നു പേര്. ~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

തളരുകില്ലൊരീ 
ചിറകുകളേതുമേ 
നീല വാനം വിളിക്കുകില്‍ . ~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

ക്ഷണികമെങ്കിലും 
ഒറ്റ വാക്കിന്റെ ഏറിനാല്‍ 
നമ്മിലെ മൗനമുടയുന്നു. 
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

മഞ്ഞുതുള്ളികളില്‍ 
ചെറു സൂര്യന്മാരുടെ ഊയലാട്ടം-
പ്രഭാതം. 
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

മാറുന്ന ഋതുക്കളിലും 
മാറാത്ത മുറിവ്-
പെണ്ണ്‌. 
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~


കരിയിലകളില്‍ മഴ താളം. 
സിരകളില്‍ പടരും,
മണ്ണിന്‍ മദഗന്ധം.________________________________________________________________________

2013, മാർച്ച് 8, വെള്ളിയാഴ്‌ച

ഋതു ഭേദങ്ങളില്‍ നാം..


--------------------------------------------------
ഒരു രാത്രിമഴയില്‍ പെയ്ത
കവിതയില്‍ നാമുണ്ടായിരുന്നു..
നോവിന്‍റെ ഒരേ ഹൃദയം പങ്കിട്ട്
ചിതറുന്ന തുള്ളികളില്‍
മിഴികളൂന്നി,
നീളുന്ന മഴച്ചാലുകളില്‍
വിരലുകളോടിച്ച്,
ഒരേ വരികളില്‍
പരസ്പരം തേടി.,
വാക്കുകള്‍ക്കുള്ളില്‍
ആഴങ്ങളില്‍
ഒരായിരമര്‍ത്ഥങ്ങളായ് നുറുങ്ങി,
സ്വപ്‌നങ്ങള്‍ താണിറങ്ങുന്ന
യാമങ്ങളില്‍ മറ്റൊരു മിന്നലായി
കാറ്റായി,
ഇടിയായി,
അരിച്ചിറങ്ങുന്ന പ്രണയമായി .,
നിന്നെ ഞാനാക്കുന്ന
മറ്റൊരു മഴയായി ..
നമ്മിലൂറുന്ന കവിതയായ് ...

വര്‍ണ്ണങ്ങള്‍ പൂക്കള്‍
വിരിച്ച വസന്തത്തില്‍
നീയുണ്ടായിരുന്നു,
കത്തുന്ന നിറങ്ങളില്‍
പൂക്കള്‍ ചുവന്ന പാതകളില്‍
മെയ്‌ മാസം
നിറഞ്ഞു,
പനിനീര്‍ തുടുത്ത
പ്രണയ മഞ്ചം വിരിച്ച് ,
കാട്ടു കദംബങ്ങള്‍ പോലെ..;
പടര്‍ന്ന കൊമ്പുകളില്‍
പാടുന്ന കുയിലിന്‍ പാട്ടിലെ
പ്രകൃതിതന്നീണമായ് നീ ;
ഏതു കാറ്റത്തും വീഴാതെ
എന്നിലേയ്ക്ക് വള്ളിയായ്
പടര്‍ന്ന് ...

വെയില്‍ പൂക്കുന്ന വേനലില്‍
ഞാനുണ്ടായിരുന്നു,
മൊട്ടായ് പിറന്ന്
ഗുല്‍മോഹറില്‍ വിരിഞ്ഞ് ,
പൂവരശില്‍ ചിരിച്ച്
വെയില്‍ നാളങ്ങളില്‍ പൊള്ളി ,
വേനല്‍ മഴതുള്ളിയെ
ഹൃത്തിലുരുക്കി ചേര്‍ത്ത്,
കരിയിലച്ചീന്തുകളില്‍
കണ്ണീര്‍ തൂവി,
കാലത്തിന്‍റെ ഒടുങ്ങാത്ത ദാഹത്തില്‍
വേനലിന്റെ അനാദിയാം
വസന്തമായി
ഞാന്‍..

ശൈത്യം പുതച്ച
ഡിസംബറില്‍ നീയൊരു ഹിമപാതം..
സ്വപ്നക്കുളിരില്‍-
നാം ശിലപോലെ ;
മനവും
തനുവുമൊരേ കുളിരിലുറഞ്ഞ് .. ;
നമ്മിലെ സിരകളിലൊരു ഗംഗ-
തീരമില്ലാതെ,
ഓളമില്ലാതെ,
ഒഴുക്കില്ലാതെ,
സര്‍വ്വം സ്തംഭിച്ച
ഡിസംബര്‍..
കാലം നിശ്ചലം ,
നമ്മിലെ നമ്മള്‍ മാത്രം
ഒരേ കവിതയില്‍
ഒരേ വരിയില്‍
ഒഴുകുകയാണ് ഋതുവേഗങ്ങളില്‍ ..
ഇരവും, പകലും,
ചക്രവാളങ്ങളില്‍
ചാലിച്ച നമ്മുടെ
കുളിരലിഞ്ഞ സന്ധ്യ..

തിരയില്‍ മറഞ്ഞും
തീരത്തുണര്‍ന്നും
നമ്മിലൂടെ
ഋതുക്കളുടെ
ജൈത്രയാത്ര !
മഴയില്‍,
വേനലില്‍, വസന്തത്തില്‍,
ശൈത്യ കാലങ്ങളില്‍,
ഒന്നൊന്നിനെ
മറവിയാക്കുന്ന നാം,
നീയെന്നിലെ രാവുകള്‍,.
ഞാന്‍ നിന്നിലെ
പകലുകള്‍,
ഇഴപിരിയാതെ
നമ്മുടെ സംഗീതവും !
വസന്തം വേനലിനെ
പകുത്ത് ,
വര്ഷം ശൈത്യത്തെ
നനച്ച് ,
ഗ്രീഷ്മം ഹേമന്തത്തെ
പുണര്‍ന്ന്
മഴ താളങ്ങളില്‍,
കുളിര് പുതയ്ക്കുന്ന ഓര്‍മകളില്‍,
പ്രണയം
ഇറ്റി ചുവപ്പിച്ച ഫെബ്രുവരി സന്ധ്യകളില്‍..
വാക മരം പൊഴിക്കുന്ന പുഷ്പ വര്‍ഷങ്ങളില്‍,
ഏത് ..,
ഏതു ഋതുക്കളിലെക്കാണ് നാം നമ്മെ
പൊതിഞ്ഞെടുത്തത്?
പ്രപഞ്ചത്തിന്‍റെ
ഏതണുവിലാണ്
നമ്മുടെ പ്രണയം
തുടിക്കാത്തത് ?
ഘടികാരസൂചിയില്‍
കാലം കുതിക്കുമ്പോഴും
ഇന്നേതു ചിന്തതന്‍ താഴ്വരയില്‍
മഞ്ഞില്‍ മൂടി കിടപ്പു നാം ?

കോര്‍ത്ത കൈ വിരല്‍ തുമ്പുകള്‍ കാലം
അയക്കുമ്പോള്‍,
ഓര്‍മ്മകളില്ലാതെ നമുക്ക് മറയാം..
ജന്മാന്തരങ്ങളില്‍,
പൂവായും, പൂമ്പാറ്റയായും
മണ്ണായും ,വിണ്ണായും-
നാം ഋതുഭേദങ്ങളില്‍ നിറഞ്ഞവര്‍ !
ഇനിയീ രാവില്‍ ,
നിലാവില്‍
നിനവുകളില്ലാത്ത ലോകത്ത്
നാമുറങ്ങുമ്പോള്‍ ,
നമ്മുടെ കുഴിമാടത്തിനു മീതെ 

ആരാണ് അവസാന
പുഷ്പ ചക്രം വെക്കുന്നത്??

-------------------------------------------------------


*** (ജിലുവും, www.
angelasthoughtss.blogspot.com ഞാനും ചേര്‍ന്നെഴുതിയ രണ്ടാമത്തെ കവിത ... )
 

2013, ജനുവരി 9, ബുധനാഴ്‌ച

നന്ദിതാ.,

-------------------------------------------

നന്ദിതാ,
ഋതുക്കള്‍ നമ്മില്‍
വിഷാദ ഗീതം
കുറിക്കുംമ്പോള്‍
ഇവിടെ
നിരാസങ്ങളുടെ
വയലറ്റ് പൂക്കള്‍
പൊഴിയുന്നു.
മഞ്ഞു പെയ്യുന്ന
രാത്രികളില്‍,
നക്ഷത്രങ്ങള്‍
നമ്മുടെ ജാതകത്തിന്
റീത്തു വെച്ചിരിക്കുന്നു.
നന്ദിതാ.,
പ്രണയം മണ്ണിട്ടു പോയ-
വിലാപങ്ങള്‍ക്ക്,
തീ പിടിക്കുന്ന
സ്വപ്നങ്ങള്‍ക്ക്,
നിന്നെ പോല്‍
ഞാനുമിവിടെ
കാവലിരിക്കുന്നു..
------------------------------------------