__________________________
എത്ര കാതുകൾ പൊത്തി പിടിച്ചാലും
പറയുവാനുണ്ടെനിക്കും പെണ്ണേ,
ഈ തീരാ യാത്രകളിൽ പരസ്പ്പരം,
നാം ഇണപന്നികൾ മാത്രമെന്ന്
നിനക്കറിയാമോ;
പിറവി മരണത്തിൽ
സൂചി മുന കോർത്ത
നാമോരേ പ്രാണൻ .
നിറെ മാറിലെ നനവിലെന്ന പോൽ
എന്റെ നെഞ്ചിലെ കാറ്റ് മരങ്ങളിൽ
കടമ്പ് പൂത്ത ഒരേ വസന്തം,
ഒരേ നീരിൻ കാട്ടുചോല
ഒരേ ശിലയിടുക്കിലെ കാണാ കന്മദങ്ങൾ ,
ത്രിസന്ധ്യയിൽ നിന്റെ
സിരകളിൽ ചുവപ്പ് മേഘമായൊഴുകും
നേരം ,ഞാൻ നിന്റെ സുര ഗംഗ .
ഒരു ഭോഗ മൂർച്ഛയിലെ
നിമിഷ വേഗത്തിൽ
തമ്മിൽ മയക്കം മിഴികളിൽ
ഊയലാടും നേരം നാം
വെറും രണ്ടു കുഞ്ഞുങ്ങൾ .
നിനക്കറിയാമോ;
ഒറ്റ പൂണ്ടടക്കത്തിൽ'
ഒരു തീവ്ര ചുംബനത്തിൽ
നീ മത്രമല്ല പൂക്കുന്നതെന്ന്?
നെഞ്ച് പോള്ളുന്നേതു മീന ചൂടിലും
ഒറ്റ നോവിന്റെ തലോടലിൽ
ഒരു കര്കിടക രാവു മുഴുവൻ
നാം നനയുന്നുവെന്നു?
നിന്റെയുള്ളം മിടിക്കുന്ന
താളത്തിൽ ഹൃത്തിലൊരു
കുഞ്ഞു താരാട്ട്
കേൾക്കുന്നുവെന്നു ?
നിനക്കറിയാമോ;
നഗരം നമ്മെ ഒരു
ഒരു സിറിഞ്ചിൽ
ലഹരിയുടെ മഞ്ഞ വെളിച്ചം പൊതിഞ്ഞ ആ നേരം?
നീയാണും , ഞാൻ പെണ്ണും -
നീ ആകാശവും ഞാൻ ഭൂമിയും -
നീ ഉയര്ച്ചയും ഞാൻ താഴ്ചയും -
നീ കുന്നും ഞാൻ ഗർത്തവും ചമഞ്ഞ്
പുതു ലിംഗ ഭേദത്തിന്റെ
സമവാക്യങ്ങൾ കുറിച്ചുവെന്നു?
നിനക്കറിയാമോ;
മാറി വരുന്ന നമ്മിലെ ഇണകളുടെ
ഒരേ നിഴലിലെ / അതെ ചലനങ്ങളെ
ഒരേ താളങ്ങൾ കൊരുക്കും
ഒരേ വാക്കുകളെ ,
ചുടു നിശ്വാസങ്ങളെ ;
നിനക്കറിയാമോ;
പെണ്ണിനെന്നല്ല -
ആണിനും പ്രണയമെന്നത്
ഒറ്റ ഭോഗത്തിന്റെ
ആദ്യ നിവേദ്യമെന്നു?
അരകെട്ടിലെ അണയാത്ത കരുത്തിൽ
നാമോരെ ശയനത്തിൻ
നട്ട് ബോൾട്ട് ബന്ധനമെന്ന് ?
നിനക്കറിയാമോ;
ശവ ശൈത്യം പുതച്ചു
മരണം കാലുകളിൽ
ടാഗ് ചെയ്യപെടുന്നവന്റെ
മൊർചറിയിലെ മൗന മന്ദഹാസം?
നിനക്കറിയാമോ ചത്ത് പോയൊരു
ഇണപന്നി കുഴിമാടം തുറന്നു വന്നു
കിനാവിലൊരു രതി ഗീതം മീട്ടുമ്പോൾ
കണ്ണുകൾ തിരുമ്മി
നീയിതുപോൽ
ഇനിയും നേരിലേക്ക് ഉണരുമെന്നു ?
നിനക്കറിയാമോ.
.........?
______________________________ _____
***(പത്തു വര്ഷം മുൻപേ കെ പി രാമനുണ്ണിയുടെ എം സി പി (മെയിൽ ഷോവനിസ്റ്റ് പിഗ് ആണ്‍ പന്നി) യുടെ കഥ വായിച്ചിരുന്നു... ഇപ്പോൾ ഓര്മ്മയിലും ജീവിതത്തിലും എന്നിലെ ആണ്പന്നിയെ ഞാനും ചികയുന്നു... )