2009, ജൂലൈ 20, തിങ്കളാഴ്‌ച

നീ പകര്‍ന്നത്


തഴുകുന്ന തെന്നലില്‍
നിന്‍ സ്നേഹ സ്വാന്തനം.
മൂടുന്ന കുളിര്‍ മഞ്ഞില്‍
നിന്‍ മൃദു സ്പര്‍ശനം .
പാല പൂത്ത രാത്രിയില്‍
ഇനി മേനിതന്‍ ഗന്ധം.
ആമ്പല്‍കുള കല്‍പടവുകളില്‍
നിന്‍ പദനിസ്വനം.
ധനുമാസം ചൊരിയും നിലാവില്‍
നിന്‍ മന്ദഹാസം.
കുയിലിന്‍ അജ്ഞ്യാത രാഗത്തില്‍
നിന്‍ പരിഭവ സ്വരം .
വിട പറഞ്ഞകലും സന്ധ്യയില്‍
നിന്‍ യാത്രാമൊഴി .
ഒടുവില്‍.,
വിരഹമേകിയ മുറിപ്പാടില്‍
അമൂര്‍ത്തമായ് നിന്‍ രൂപം...




.........................................

2009, ജൂലൈ 18, ശനിയാഴ്‌ച

സ്ത്രീ പക്ഷം





-------------------------


കടക്കണ്ണില്‍ നീല നക്ഷത്രങ്ങള്‍
തഴപ്പായ്‌ വിരിക്കുന്നു
തിമിര കിനാക്കളുടെ പ്രേത ഗെഹങ്ങള്‍
നിന്നില്‍ മാംസദാഹം തേടുന്നു
നീ അബല , വെറും ചപല
വാത്സല്യ സാഗരത്തിന്‍ ദുര്‍ബല
ക്ഷണികമെങ്കിലും ഈ യാമങ്ങളിലെ
ഹൃദയ കാമിനി , കുത്തൊഴുക്കിന്റെ
വികാര വേഗങ്ങള്‍ക്കൊരു മാത്ര തടയണ
ജന്മാന്തരങ്ങളുടെ കണ്ണികള്‍
നിന്‍റെ ഗര്‍ഭാഗ്നിയില്‍ ഉരുകിയുറയുന്നു


''ന: സ്ത്രീ സ്വാതന്ത്ര മര്‍ഹതി .."
മനു സ്മൃതിയിലെ സ്ത്രെയ്ന്ന ദര്‍ശനത്തിനു
ആധുനികോത്തരത്തിന്‍റെ വസ്ത്രാക്ഷേപം
ചൊല്ലേണ്ടത് ഇതാണ് പെണ്ണെഴുത്തെ-
'' യത്ര: നാര്യസ്തു പൂജ്യന്തേ , രമന്തേ തത്ര ദേവത..."
ഫെമിനിസം തിരശീലക്കു പിന്നില്‍
പൌരുഷത്തിനു കിടപ്പായ്‌ വിരിക്കുന്നു .
വിത്തിടാനുള്ള വിളനിലമല്ല നീയെങ്കില്‍ ,
കളകള്‍ കൂട്ടമായ്‌ അന്ത്യകൂദാശ ചൊല്ലട്ടെ !


താണ്ടുവാനേരെയുണ്ട് കാതങ്ങള്‍ ,
പൂംകോഴിയൊന്നു കൂവട്ടെ;
പിട കോഴികള്‍ കൂവുമോ?
നോക്കാം, നമുക്കത് ചര്‍ച്ച ചെയ്യാം ,
രതിയുടെ നീല വേലിയെട്ടങ്ങള്‍ക്കൊടുവില്‍.,
സ്ത്രീ പക്ഷ വേദികളില്‍ ,
നാളെകളുടെ സെമിനാറുകളില്‍ ,
തണുപ്പിന്റെ ആഘോഷങ്ങളില്‍ ..
അസ്ഥികള്‍ ഉറയുന്നു
നീ രക്തമുറയാത്ത എന്‍റെ വലിയ
മുറിവായി മാറുന്നു.
നിറമാറിലൊരു അഭയം
അമൃത ധാരയില്‍ എന്‍റെ യൌവനം
മിഴികളടക്കുന്നു.


നീയറിയുക , ജനിക്കും , മൃതിക്കും
ഞാന്‍ മുന്‍കൈ എടുക്കേണ്ടവന്‍
ഋതുകാല സന്ധ്യകളുടെ ഭാരങ്ങള്‍ ചുമക്കുന്നോന്‍.
ആദിയും, അന്തവും ശയന ദൂരങ്ങളില്‍
മുറിവേറ്റു ചിതറുന്നു .
പ്രേത നര്‍ത്തനങ്ങളില്‍ താഴെ നീ -
എന്നും ഭവിക്കുക; ഭൂമിക്കധിപനാം ഞാന്‍
നിന്നില്‍ മീതെ ശയിച്ചോട്ടെ !


സ്ത്രൈണതേ,നീയെന്‍റെ ശക്തിയായ് ,
ഗംഗയായ് ,പ്രാണ പ്രകൃതിയായ് ,
സര്‍വം സഹയായ് ഈ നോവിന്‍റെ
പ്രാണ ഭാരം പേറുക ..
സൃഷ്ടി സ്ഥിതികളെ ജന്മം ധരിക്കുക ,
വീണ്ടും തുടരുക.., വീണ്ടും..



............................

2009, ജൂലൈ 16, വ്യാഴാഴ്‌ച

സൈബര്‍ കേരളം


പേരറിയാത്ത പക്ഷികള്‍
പാടാനറിയില്ലോന്നിനും
ഇല കൊഴിഞ്ഞ മരങ്ങള്‍
തളിര്‍ക്കാന്‍ കഴിയില്ലോന്നിനും
ദു:ഖം തളം കെട്ടി നില്‍ക്കും നദികള്‍
ഒഴുകാറില്ലവയോന്നും
മനസാക്ഷി മരവിച്ച
മനുഷ്യ മരപ്പാവകള്‍
ശബ്ദിക്കുന്ന സെല്‍ ഫോണുകള്‍
വര്‍ഷകാലത്തിലും
വേനല്‍ ചൂടിന്‍റെ വേദനയില്‍
പുലഭ്യം പറയുന്ന
കലാപങ്ങള്‍ നശിപ്പിച്ച
തെരുവിലെ അഭയാര്‍ത്തികള്‍
ഒരു പക്ഷെ പ്രാണന്‍റെ
അന്നം തേടുന്നവര്‍
വിശപ്പിന്‍റെ വിളിയില്‍
കൈ നീട്ടി മടുത്ത
ഭ്രാന്തിപെണ്ണിന്‍റെ
മടിക്കുത്തഴിക്കുന്ന ഖദര്‍ മാന്യന്‍മാര്‍
ഉറക്കം വരാത്ത കുഞ്ഞിനു
കഥ ചൊല്ലി കൊടുക്കുന്ന
ഒരു മുത്തശ്ശി ..
"പണ്ട് ഒരു നാടുണ്ടായിരുന്നു..,
ദൈവത്തിന്റെ സ്വന്തം.......





---------------------------------------

ശിക്ഷാ വിധി


നീതി പീഠം അവനു ശിക്ഷ വിധിച്ചു .
രാജ്യദ്രോഹം ,ഗൂഡാലോചന
കൊലപാതകം ചാരവൃത്തി ..
അപൂര്‍വങ്ങളില്‍ അപൂര്‍വ്വം ..
എന്നാല്‍ ,
അപൂര്‍ണ്ണം ...
ഇവക്കെല്ലാം വധ ശിക്ഷ .
ആത്മഹത്യയിലൂടെ
സ്വന്തം മനസാക്ഷിക്കൊരു അപ്പീല്‍.
നീതിയുടെ കറുത്ത ശീലയാല്‍
കണ്ണുകള്‍ മൂടി കെട്ടിയ
നീതി ദേവതക്ക്
ആത്മ വിധി കാണാന്‍ കഴിഞ്ഞില്ലത്രേ!
വിധിയുടെ ന്യായാധിപനും..




-----------------------------------

2009, ജൂലൈ 15, ബുധനാഴ്‌ച

ആത്മ ബോധം




അനാഥത്വം ഒരു
തിരിച്ചറിവാണ്.
ചോരയുണങ്ങാത്ത
മുറിപ്പാടുകള്‍ നല്‍കുന്ന
വേദനയുടെ
മഹാ മൌനം പോലെ ..





---------------------------